കേളകം : നവകേരള സദസ്സിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വിജയൻ എത്തുന്ന ഇരിട്ടിയിൽ നിന്ന് 22 കിലോമീറ്റർ മാത്രം അകലെ കേളകം ടൗണിന് സമീപം മാവോയിസ്റ്റ് സംഘം എത്തി. ഇരിട്ടിയിലെ പരിപാടിക്ക് ശേഷം വിജയനും സംഘവും പേരാവൂർ നെടുംപോയിൽ പേര്യ വഴി മാനന്തവാടിയിലേക്ക് പോകാനിരിക്കെയാണ് പേര്യയിൽ നിന്ന് 5 കിലോമീറ്റർ അകലെ മാവോയിസ്റ്റ് സംഘമെത്തിയത്. കേളകം പെരുന്താനത്ത് കമ്പിപ്പാലത്തിനും പി എച്ച് സി ക്കും സമീപം മാവോയിസ്റ്റു സംഘത്തെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തി. കേളകം പെരുന്താനം ബാവലിപ്പുഴക്ക് സമീപത്താണ് മാവോയിസ്റ്റ് സംഘത്തെ കണ്ടതായി പച്ചമരുന്നും കുറുന്തോട്ടിയും തിരഞ്ഞു ചെന്ന വീട്ടമ്മ പൊലീസിനെ അറിയിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെ കൂടി അഞ്ചംഗ സംഘത്തെ കണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആഹാരസാധനം എത്തിച്ചു നൽകാൻ കഴിയുമോ എന്ന് അവർ വീട്ടമ്മയോട് ആരാഞ്ഞു . സൈനികർ ധരിക്കുന്ന രീതിയിലുള്ള പച്ച കളർ ഡ്രസ്സ് ധരിച്ചിരുന്നതായും പറയുന്നു ഇവരുടെ കയ്യിൽ തോക്കുകൾ എന്ന് സംശയിക്കാവുന്ന വിധത്തിൽ നീളത്തിലുള്ള വസ്തുക്കൾ പൊതിഞ്ഞു പിടിച്ചിരുന്നതായും വീട്ടമ്മ പറയുന്നു. കേളകം പോലീസും തണ്ടർബോൾട്ടും പ്രദേശത്ത് പരിശോധന നടത്തി. നവകേരള സദസ്സുമായി മുഖ്യമന്ത്രി വിജയൻ ഇരിട്ടിയിൽ എത്താൻ 6 മണിക്കൂർ ഉണ്ടായിരിക്കെയാണ് കേളകം ടൗണിൻ്റെ 500 മീറ്റർ ചുറ്റളവിനുള്ളിൽ മാവോയിസ്റ്റ് സംഘം എത്തിയത്.
The Maoist group reached 5 km near the road traveled by the Chief Minister.